ന്യൂഡൽഹി: :ജമ്മു കശ്മീരിലെ റിയാസിയിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ എൻഐഎ. ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എൻഐഎയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ജൂൺ 9 നാണ് ഭീകരാക്രമണം നടന്നത്.
അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഭീകരാക്രമണത്തിൽ ഒൻപത് തീർത്ഥാടകർക്ക് ജീവൻ നഷ്ടമായിരുന്നു. 33 തീർത്ഥാടകർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. റിയാസിയിലെ ശിവ കോരി ക്ഷേത്രത്തിൽ നിന്നും കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് ആക്രമിക്കപ്പെട്ടത്.
ഭീകരർ വെടിയുതിർത്തതോടെ ബസ് നിയന്ത്രണം വിട്ട് പാറയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ ഇടങ്ങളിലെ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. റിയാസി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമർനാഥ് തീർത്ഥാടനത്തിന്റെ സുരക്ഷ അധികൃതർ വർധിപ്പിച്ചു.