പ്രധാനമന്ത്രിയും മാർപാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ ട്രോളി കോൺഗ്രസ് കേരളാ ഘടകം; വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി എക്‌സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച പോസ്റ്റ് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചതോടെ കോൺഗ്രസ് കേരളാ ഘടകം പോസ്റ്റ് പിൻവലിച്ചു. ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം എക്‌സിൽ പങ്കുവച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പരിഹാസം. ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു എന്ന അടികുറിപ്പോടെയാണ് ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ മുൻ പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കോൺഗ്രസിന്റെ പരിഹാസം.

സംഭവത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളോ അർബൻ നക്‌സലുകളോ ആണെന്ന് തോന്നുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദേശീയ നേതാക്കൾക്കെതിരെ അപകീർത്തികരവും അപമാനകരവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് തുടരുന്ന കോൺഗ്രസ് ഇപ്പോൾ ബഹുമാനപ്പെട്ട മാർപ്പാപ്പയെയും ക്രിസ്ത്യൻ സമൂഹത്തെയും പരിഹസിക്കുന്നതിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചിരുന്നു.

കളിച്ചുകളിച്ച് മാർപാപ്പാ തിരുമേനിയെവരെ ആക്ഷേപിക്കാമെന്നായി. കെ സി അറിയാതെ ഇതൊന്നും നടക്കില്ല. രാഗയും ഖാർഗെയും ഇതൊക്കെ അറിയുന്നുണ്ടോ ആവോ. ഏതായാലും ക്രൈസ്തവരെ ഇതുപോലെ പരിഹസിച്ച ഒരു ട്വീറ്റും ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് കേരളാ ഘടകം രംഗത്തെത്തി. മാർപാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോൺഗ്രസിന്റെ ഒരു പ്രവർത്തകനും ഉണ്ടാകില്ലെന്നും സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്രമോദിയെ പരിഹസിക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ലെന്നും കേരളാ ഘടകം അറിയിച്ചു.

നരേന്ദ്രമോദിയുടെ നാണംകെട്ട രാഷ്ട്രീയ കളികളെ പരിഹസിച്ചതിനെ മാർപാപ്പയെ അപമാനിച്ചതായി ചിത്രീകരിക്കുവാനുള്ള സുരേന്ദ്രന്റെയും മോദി പരിവാരത്തിന്റെയും വർഗീയ മനസ്സ് ജനങ്ങൾക്ക് മനസ്സിലാകും. വർഗീയ വിഷം കുത്തിവച്ചാലുടൻ അത് പടർത്താൻ നടക്കുന്ന ആത്മാഭിമാനം ഇല്ലാത്ത ജനവിഭാഗമായി ക്രിസ്തുമത വിശ്വാസികളെ തരംതാഴ്ത്താനാണ് സുരേന്ദ്രനും കൂട്ടരും ശ്രമിക്കുന്നതെന്നും കേരളാ ഘടകം കൂട്ടിച്ചേർത്തു.