കേരളത്തിൽ നിന്ന് രണ്ടുപേർ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്ക്ക് മുഴുവൻ അഭിമാനം; കാതോലിക്കാ ബാവ

തിരുവനന്തപുരം: മണിപ്പൂർ കലാപത്തിൽ പ്രതികരണവുമായി ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മണിപ്പൂരിലുണ്ടായത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിലേത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന ആരോപണങ്ങൾ ആവർത്തിക്കപ്പെടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

കേരളത്തിൽ ഭരണവിരുദ്ധവികാരം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരു ലോക്‌സഭാ സീറ്റുപോലും എൽഡിഎഫിന് ലഭിക്കുമായിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രൈസ്തവർ കൂടുതലുള്ള ഭാഗത്തെ പള്ളികൾ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായിട്ടും ഒരു ഗോത്രം മറ്റേ ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കുംെ. മറ്റു ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാം. വിഷയത്തിൽ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവർ മുഴുവൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിലെത്തിയതിൽ സന്തോഷമുണ്ട്. കേരളത്തിൽ നിന്ന് രണ്ടുപേർ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്ക്ക് മുഴുവൻ അഭിമാനമാണെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവ അറിയിച്ചു.

തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ക്രൈസ്തവരുടെ പിന്തുണ കിട്ടിയിട്ടുണ്ടായിരിക്കണം. ഒരുകാലത്ത് തിരുവനന്തപുരത്ത് ബിജെപിക്ക് ഒരു നിയമസഭ സീറ്റ് കിട്ടി. അടുത്ത തിരഞ്ഞെടുപ്പിൽ അത് പോയി. ഇതുവരെയും ഒരു ലോകസഭാ മണ്ഡലം കിട്ടിയിരുന്നില്ല. ആദ്യമായി ഇപ്പോഴത് കിട്ടി. എന്നാൽ അടുത്ത പ്രാവശ്യം ഈ സീറ്റ് ഉണ്ടാകുമോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.