കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം; മലയാളികൾ ഉൾപ്പെടെ 45 പേർ മരണപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം. മലയാളികൾ ഉൾപ്പെടെ 45 പേരാണ് തീപിടുത്തത്തിൽ മരണപ്പെട്ടത്. 2 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരനും ഉൾപ്പെടെയുള്ള ഇന്ത്യക്കാർ മരണപ്പെട്ടുവെന്നാണ് വിവരം. ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ആറു മലയാളികൾ ഐസിയുവിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്‌ളാറ്റുകളിലായി 195 പേർ താമസിച്ചിരുന്നു. താഴത്തെ നിലയിൽ നിന്നായിരുന്നു തീ പടർന്നു പിടിച്ചത്. ഷോർട്ട് സർക്യൂട്ടായിരുന്നു അുകടത്തിന് കാരണം. കെട്ടിടത്തിൽ തീ പടർന്നത് കണ്ടതിനെ തുടർന്ന് ചിലർ താഴേക്ക് ചാടിയിരുന്നു. ഇവർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവ് ശേഖരിക്കാൻ പരിശോധന നടത്തുെന്നും ഉദ്യോഗസ്ഥർ വിശദമാക്കി.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ തീപിടിത്തം ഞെട്ടിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ ഏംബസി ഹെൽപ്പ് ലൈൻ നമ്പർ നൽകിയിട്ടുണ്ട്. + 965-65505246 .എല്ലാവിധ സഹായവും എത്തിക്കുമെന്നും ഏംബസി അറിയിച്ചു.