മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് സുരേഷ് ഗോപി; സത്യപ്രതിജ്ഞ ദൈവനാമത്തിൽ

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് സുരേഷ് ഗോപി. 51-ാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൃശൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് സുരേഷ് ഗോപി ലോക്‌സഭയിലേക്ക് എത്തിയത്. സുരേഷ് ഗോപി ഇംഗ്ലീഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും മോദി മന്ത്രിസഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. ദൈവനാമത്തിലായിരുന്നു അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്തത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചത്.

അതേസമയം, മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്നാഥ് സിങ് ആണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമത് അമിത് ഷായും നാലാമത് ജെ പി നദ്ദയും അഞ്ചാമത് നിതിൻ ഗഡ്കരിയും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ബോളിവുഡ് സിനിമാ താരങ്ങളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുന്നുണ്ട്. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനിൽ കുമാർ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി തുടങ്ങിയ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.