രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച്ച ചെയ്ത് സിപിഎം; ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സിപിഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച്ച ചെയ്ത് സിപിഎം. ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സിപിഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കാനാണ് തീരുമാനം. എൽഡിഎഫ് മുന്നണിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

ജോസ് കെ മാണി കേരള കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി ആയേക്കുമെന്നാണ് വിവരം. രാജ്യസഭയിലും ലോക്സഭയിലും ഓരോ അംഗങ്ങളുള്ള പാർട്ടിയായാണ് കേരള കോൺഗ്രസ് യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നത്. ഇതുരണ്ടും ഇല്ലാതാകുന്നത് പാർട്ടിയെ സംബന്ധിച്ച് പ്രശ്‌നമുണ്ടാക്കുന്നതാണെന്നായിരുന്നു ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ മാണി മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അറിയിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സാധാരണ രാജ്യസഭാ സീറ്റിൽ ഘടക കക്ഷികൾക്കുവേണ്ടി സീറ്റ് വിട്ടുകൊടുക്കുന്ന രീതി സിപിഎമ്മിനില്ല.

മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് സ്വാധീനം ഉറപ്പാക്കണമെങ്കിൽ മുന്നണിക്കൊപ്പം കേരള കോൺഗ്രസ് അനിവാര്യമാണെന്ന ചിന്തയാണ് സിപിഎമ്മിനെ വിട്ടുവീഴ്ചയിലേക്ക് നയിച്ചത്.