തിരുവനന്തപുരം: സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്ന ജോർജ് കുര്യൻ ഏതു സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുമെന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കെ സി വേണുഗോപാൽ ലോക്‌സഭയിലേക്ക് വിജയിച്ചതോടെ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് രാജിവയ്ക്കും. ഈ സീറ്റ് വേണമെങ്കിൽ ജോർജ് കുര്യന് ലഭിച്ചേക്കാം.
അതല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനത്തു നിന്നും പരിഗണിക്കപ്പെടാം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കാനാണ് രാജ്യസഭാ സീറ്റ് ഒഴിയാൻ കെ സി വേണുഗോപാലും കോൺഗ്രസും തീരുമാനിച്ചത്.
2026 ജൂൺ 21 വരെയായിരുന്നു വേണുഗോപാലിന്റെ രാജ്യസഭാ കാലാവധി. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ വൈകാതെ രാജിവയ്ക്കും. ശേഷിച്ച കാലത്തേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജസ്ഥാനിലെ ഭരണകക്ഷിയായ ബിജെപിക്ക് ഈ സീറ്റ് ലഭിക്കുന്നതാണ്.
കഴിഞ്ഞ ദിവസമാണ് ജോർജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.