തിരുവനന്തപുരം: മൂന്നാം മോദി സർക്കാർ മന്ത്രിസഭയിൽ അംഗമായി മലയാളിയായ ജോർജ്ജ് കുര്യൻ. ദേശീയ തലത്തിൽ തന്നെ ബിജെപി ഉയർത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോർജ് കുര്യനെ അവതരിപ്പിച്ചത്. മൂന്നാം മോദി മന്ത്രിസഭയിൽ അംഗമാകുന്നത്. ക്രൈസ്തവ വിഭാഗത്തിന് ബിജെപിയോട് അനുഭാവം ഉണ്ടാക്കും വിധം രാജ്യത്തുടനീളം നടത്തി വന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് കേന്ദ്രമന്ത്രി പദവിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപി ഉണ്ടായ കാലം മുതൽ കോട്ടയത്തുകാരൻ ജോർജ്ജ് കുര്യൻ ബിജെപിക്കാരനാണ്. നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാർത്ഥി ജനതാ നേതാവിൽ നിന്നാണ് തുടക്കം. നിലക്കൽ സമരകാലത്ത് സഭയ്ക്കകത്തു നിന്നും പുറത്ത് നിന്നും മാത്രമല്ല കുടുംബത്തിൽ നിന്ന് പോലും നേരിട്ട വെല്ലുവിളികളെ അതിജീവിച്ചായിരുന്നു യുവമോർച്ചയിലേക്കുള്ള വളർച്ച.
ഒ രാജഗോപാൽ കേന്ദ്ര സഹമന്ത്രിയായപ്പോൾ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയി ഡൽഹി ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിർണ്ണായക ചുമതലകൾ വഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.