തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂൺ പത്തിന് ആരംഭിക്കും. 28 ദിവസമാണ് സഭ സമ്മേളം നടക്കുന്നത്. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ജൂലായ് 25 നാണ് സഭ സമ്മേളനം അവസാനിക്കുക. ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും.
ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ താൻ പ്രതിനിധീകരിക്കുന്ന തലശേരി മണ്ഡലത്തിൽ എൽഡിഎഫിനേറ്റ തിരിച്ചടി പൊതുവായി ഉണ്ടായ വികാരത്തിലാണെന്നും തന്റെ മണ്ഡലം മാത്രം ഒഴിവാകില്ലെന്നും അദ്ദേഹം അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ തെരഞ്ഞടുപ്പിന്റെ ആവർത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

