തൃശ്ശൂരിൽ നടന്നത് ഒത്തുകളി; മൂന്നാം സ്ഥാനത്തെത്തിയത് പരിശോധിക്കുമെന്ന് കെ സുധാകരൻ

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരൻ. തിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരമടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങൾ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തതിന്റെ തെളിവാണ് ഈ വിജയം. തൃശൂരിൽ മൂന്നാം സ്ഥാനത്തെത്തിയത് പരിശോധിക്കും. തൃശ്ശൂരിൽ നടന്നത് ഒത്തുകളിയാണെന്ന ആരോപണവും അദ്ദേഹം മുന്നോട്ടു വെച്ചു. സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു. അതാണ് തൃശൂരിൽ പ്രതിഫലിച്ചത്. ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിനും അപ്പുറമാണ്. മുന്നേറ്റത്തിലെ പങ്ക് കണ്ണൂരിലെ നേതാക്കന്മാർക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിൽ 18 എണ്ണത്തിലും യുഡിഎഫാണ് ഇത്തവണ വിജയിച്ചത്. ആലത്തൂർ മണ്ഡലം എൽഡിഎഫും തൃശൂർ മണ്ഡലം യുഡിഎഫും നേടി. രാജ്യത്താകമാനം എൻഡിഎ 292 സീറ്റുകളും ഇന്ത്യ മുന്നണി 234 സീറ്റുകളും നേടി.