ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരത്തിന് ഇല്ല; കുരുതി കൊടുക്കാൻ നിന്നു കൊടുക്കാൻ പാടില്ലായിരുന്നുവെന്ന് കെ മുരളീധരൻ

തൃശൂർ: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തൃശൂരിലെ തോൽവിയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരത്തിന് ഇല്ലെന്നും കുരുതി കൊടുക്കാൻ താൻ നിന്നു കൊടുക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വലിയ വിജയമുണ്ടായി. സംസ്ഥാന സർക്കാരിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എന്നാൽ ഒരിക്കലും ഉണ്ടാകരുതെന്ന് ആഗ്രഹിച്ച അപ്രതീക്ഷിത വിജയം തൃശൂരിൽ ബിജെപി നേടി. പതിവില്ലാത്ത രീതിയിൽ രണ്ട് മുന്നണിക്കൊപ്പം ബിജെപിയുടെ സാന്നിധ്യമുണ്ടായി. തൃശൂരിൽ ന്യൂനപക്ഷ വോട്ടിൽ വിള്ളലുണ്ടായി. മുന്നാക്ക വോട്ട്, ക്രൈസ്തവ വോട്ട് എന്നിവ ബിജെപിക്ക് സമാഹരിക്കാനായി. മുസ്ലീം വോട്ടിൽ നല്ല വിഭാഗം യുഡിഎഫിന് വന്നതിനാൽ ഗുരുവായൂരിൽ യുഡിഎഫിന് ലീഡ് നേടാനായി. എൽഡിഎഫിന്റെ ഉറച്ച വോട്ടു ബാങ്കുകൾ പോലും അവരെ കൈവിട്ടു. മികച്ച സ്ഥാനാർത്ഥി ഉണ്ടായിട്ടും തിരിച്ചടി നേരിട്ടു. തൃശൂരിൽ സിപിഎം-ബിജെപി അന്തർധാര ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് പരിശോധിക്കും. പഞ്ചായത്ത് നിയമസഭാ വോട്ടിൽ രാഹുൽ ഇഫക്ട് ഉണ്ടാവമെന്നില്ല. യുഡിഎഫിനെ സഹായിച്ച രണ്ട് പ്രബല സമുദായത്തിലുള്ള വിള്ളൽ തിരിച്ചടിയായി. സംഘടനാപരമായ ദൗർബല്യം പാർട്ടിക്കുണ്ട്. അതിന് നേതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പൊതു സമൂഹത്തിൽ വന്ന മാറ്റം അനുസരിച്ച് വോട്ട് ചേർക്കുന്നതിൽ പിഴവുണ്ടായി. കരുണാകരനും താനും മുമ്പും പരാജയപ്പെട്ടത് ആഭ്യന്തര സംഘർ സംഘർഷങ്ങൾ കൊണ്ടാണ്ട്. എന്നാൽ, ഇക്കുറി ഒരിടത്തും നെഗറ്റീവ് ട്രെൻഡില്ല. തൃശൂർ പൂരം മുതലാണ് കാര്യം പാളിയത്. സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി ബിജെപിക്ക് ഗുണമായി. ഇനിയൊരു മത്സരത്തിന് തൽക്കാലമില്ലെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

പൊതുരംഗത്ത് നിന്ന് വിട്ട് നിൽക്കുകയാണ്. സുരേഷ് ഗോപിക്ക് വേണ്ടി മൂന്ന് തവണ പ്രധാനമന്ത്രി വന്നു. വിഎസ് സുനിൽ കുമാറിന് വേണ്ടി മുഖ്യമന്ത്രി വന്നു. തനിക്ക് വേണ്ടി ആരും വന്നില്ല. തനിക്ക് വേണ്ടി ഡികെ ശിവകുമാർ മാത്രമാണ് വന്നു. എന്നാൽ, അദ്ദേഹത്തെ പ്രചാരണത്തിൽ ശരിക്കും ഉപയോഗിക്കാനായില്ല. സ്വരം നന്നാകുമ്പോ പാട്ടു നിർത്തണം എന്നാണല്ലോ. അതിനാൽ ഇനി മത്സരിക്കില്ല. താൻ മത്സരിച്ചിട്ടും ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാനായില്ല എന്ന സങ്കടമുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചിരുന്നെങ്കിൽ കൂടി സങ്കടം ഉണ്ടാകുമായിരുന്നില്ല. ലീഗിലെ എല്ലാ നേതാക്കളും തനിക്കായി വന്നു. താനെന്നും കോൺഗ്രസുകാരനായ നിൽക്കും. തൽക്കാലം ഒരു കമ്മിറ്റിയിലേക്കും ഇല്ല. ഇനിയൊരു മത്സരത്തിന് തൽക്കാലമില്ലെന്നും അദ്ദേഹം അറിയിച്ചു.

ജനിച്ച സ്ഥലത്ത് തനിക്ക് രാശിയില്ല. തശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടന്നില്ല. വടകരയിൽ നിന്നാൽ തന്നെ ജയിക്കുമായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.