ലോക്സഭാ തെരഞ്ഞെടുപ്പ്; ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ ജനവിധിയാണ് കേരളത്തിൽ പൊതുവിലുണ്ടാവാറുള്ളത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. ഒരു സീറ്റ് പോലും പാർടിക്ക് ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളിലെല്ലാം ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം വ്യക്തമാക്കി.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് തിരുത്തുന്ന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഭാഗമായാണ് തുടർന്ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാൻ എൽഡിഎഫിന് സാധിച്ചത്. അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാവട്ടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് തുടർഭരണം ലഭിക്കുന്ന സ്ഥിതിയുമുണ്ടായെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.

രാജ്യത്ത് ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തിൽ വരാൻ പറ്റാത്ത സ്ഥിതി ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ എൻഡിഎക്ക് ഒരു സീറ്റിൽ വിജയിക്കാനായി. നേമത്തെ തെരഞ്ഞെടുപ്പിൽ അസംബ്ലിയിൽ കോൺഗ്രസിന്റെ സഹായത്തോടെ ബിജെപി അക്കൗണ്ട് തുറന്നെങ്കിലും പിന്നീട് അതില്ലാതാവുകയാണ് ചെയ്തത്. മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ ബിജെപി മുന്നണി സ്ഥാനാർത്ഥി നേരത്തെ വിജയിച്ചിരുന്നുവെങ്കിലും പീന്നീട് അത് ആവർത്തിക്കാൻ കഴിഞ്ഞില്ല.

വർഗ്ഗീയ ശക്തികളുടെ വളർച്ചയ്ക്കെതിരായി ആശയപരവും, സംഘടനാപരവും, പ്രത്യയശാസ്ത്രപരവുമായ ഇടപെടലുണ്ടാവേണ്ടതിന്റെ പ്രധാന്യം ഈ തെരഞ്ഞെടുപ്പ് ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് വിധിയെ ശരിയായ അർത്ഥത്തിൽ പരിശോധിച്ച് തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകും. ജനങ്ങൾക്കൊപ്പം കൂടുതൽ ചേർന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും സിപിഎം കൂട്ടിച്ചേർത്തു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കാൻ സിപിഎം അഞ്ചുദിവസത്തെ നേതൃയോഗം വിളിച്ചു. മറ്റെന്നാൾ ചേരുന്ന സെക്രട്ടറിയേറ്റിൽ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ നടക്കും. ജൂൺ 16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടറിയേറ്റ്, 18, 19, 20 തീയതികളിലായി സംസ്ഥാന സമിതി യോഗം എന്നിങ്ങനെയാണ് ചേരുന്നത്.