അടിപതറി കെ മുരളീധരൻ; തൃശൂരിലെ വിജയം ബിജെപിയുടെ മധുര പ്രതികാരം

തൃശൂർ: തൃശൂരിൽ അടിപതറി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മണ്ഡലത്തിൽ വിജയിച്ചപ്പോൾ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. 324810 വോട്ടുകളാണ് ഇത്തവണ കെ. മുരളീധരന് ലഭിച്ചത്.

തൃശൂരിലെ തോൽവി കോൺഗ്രസിന് മാത്രമല്ല കെ മുരളീധരന് വ്യക്തിപരമായും വലിയ തിരിച്ചടിയാണ്. സഹോദരി പദ്മജ വേണുഗോപാൽ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നപ്പോഴാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെ മുരളീധരനെ വടകരയിൽ നിന്ന് തൃശൂരിലേക്ക് മാറ്റുകയാണെന്ന തീരുമാനം പ്രഖ്യാപിച്ചത്. വി ഡി സതീശൻ നേരിട്ടെടുത്ത തീരുമാനമായിരുന്നു ഇത്. എന്നാൽ, ഈ തീരുമാനം തിരിച്ചടിയായെന്നാണ് ഇലക്ഷൻ ഫലം വ്യക്തമാക്കുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലൂടെയായിരുന്നു കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത്. 8000ൽ അധികം വോട്ടുകൾക്ക് അന്ന് സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയെ ഒ രാജഗോപാൽ പരാജയപ്പെടുത്തി. എന്നാൽ, പിന്നീട് 2021ൽ മണ്ഡലം നിലനിർത്താൻ കുമ്മനം രാജശേഖരനെ ഇറക്കിയ ബിജെപിക്ക് അടിതെറ്റി. കെ മുരളീധരന്റെ എൻട്രിയിലൂടെ ത്രികോണ മത്സരം നടന്ന നേമത്ത് ബിജെപി തോറ്റു. ജയിച്ചത് ശിവൻകുട്ടിയാണെങ്കിലും ബിജെപിക്ക് നഷ്ടമായ വോട്ടുകളിൽ ഭൂരിഭാഗവും ഏകീകരിച്ചത് മുരളീധരനിലേക്കായിരുന്നു. അതിനാൽ തന്നെ മുരളീധരനെതിരെയുള്ള തൃശൂരിലെ ബിജെപിയുടെ വിജയം ഒരു മധുര പ്രതികാരം കൂടിയാണ്.