ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ നിർണായക നീക്കവുമായി ബിജെപി. പ്രതീക്ഷിച്ച പ്രകടനം സാദ്ധ്യമാകാതെ വന്നതോടെ, മുന്നണിയിലെ പാർട്ടികളെ ചേർത്തുനിർത്താനും പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനുമുള്ള ശ്രമം ആരംഭിക്കുകയാണ് ബിജെപി.
ആന്ധ്രാപ്രദേശിൽ തിരിച്ചുവരവ് നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടി ഭരണ, പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. എൻഡിഎയ്ക്ക് കഴിഞ്ഞ തവണത്തേത് പോലെ മികച്ച പ്രകടനം സാദ്ധ്യമാകാതെ വന്നതോടെ, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ബന്ധപ്പെട്ടു. അതേസമയം, ഇന്ത്യ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവിനെ സമീപിച്ചുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. എൻസിപി നേതാവ് ശരദ് പവാറും സർക്കാർ രൂപീകരണത്തിന് ഇന്ത്യാ മുന്നണിക്കായി മറ്റ് കക്ഷികളുടെ പിന്തുണ തേടി രംഗത്തെത്തി.