ന്യൂഡൽഹി: ഡൽഹിയിൽ ഉൾപ്പെടെ ആംആദ്മി പാർട്ടിയ്ക്ക് തിരിച്ചടി. ഇന്ത്യ സഖ്യത്തിന്റെ പ്രചാരണ വേദികളിൽ അരവിന്ദ് കെജ്രിവാൾ മിന്നും താരമായിട്ടും ഡൽഹിയിൽ ഉൾപ്പെടെ നേട്ടം ഉണ്ടാക്കാൻ ആംആദ്മിയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി 22 സീറ്റിലാണ് ആംആദ്മി പാർട്ടി മത്സരിച്ചത്. എന്നാൽ, പഞ്ചാബിലെ മൂന്ന് സീറ്റുകളിൽ മാത്രമാണ് മുന്നേറ്റമുണ്ടാക്കാൻ എഎപിയ്ക്ക് കഴിഞ്ഞത്.
ഡൽഹിയിൽ ആംആദ്മി മത്സരിച്ച നാല് മണ്ഡലങ്ങളിലും ഗുജറാത്തിലെ നാല് മണ്ഡലങ്ങളിലും പാർട്ടിയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു. ഡൽഹിയിൽ ഏഴ് സീറ്റിലും ബിജെപി മുന്നേറുകയാണ്.
ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട അരവിന്ദ് കെജ്രിവാൾ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജയിലിലേക്ക് മടങ്ങിയത്.
ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപി മത്സരിച്ചത്. പഞ്ചാബിൽ ആനന്ദ്പുർ സാഹിബ്, ഹോശിയാപുർ, സംഗ്രുർ എന്നിവിടങ്ങളിൽ എഎപി മുന്നേറുന്നുണ്ടെങ്കിലും, നേരിയ ഭൂരിപക്ഷത്തിന്റെ പിൻബലം മാത്രമാണുള്ളത്.