മാലി: ഇസ്രയേൽ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി മാലദ്വീപ്. ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാലദ്വീപിന്റെ നടപടി. ഇസ്രയേൽ പാസ്പോർട്ടുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താൻ പ്രസിഡന്റ് മുഹമ്മദ് മുയിസു തീരുമാനിച്ചതായി അദ്ദേഹത്തിന്റെ ഓഫീസാണ് അറിയിച്ചത്. പലസ്തീനായി ധനസമാഹരണ കാമ്പെയ്നും മുയിസു പ്രഖ്യാപിച്ചു.
അതേസമയം, പുതിയ നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ നിലവിൽ മാലദ്വീപിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇസ്രയേൽ വിദേശകാര്യ വക്താവ് രംഗത്തെത്തി. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സഹായിക്കാൻ സാധിച്ചേക്കില്ലെന്ന് ഇസ്രയേൽ പൗരന്മാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്്.
അൾജീരിയ, ബംഗ്ലാദേശ്, ബ്രൂണെ, ഇറാൻ, ഇറാഖ്, കുവൈത്ത് ലെബനൻ, ലിബിയ, പാകിസ്താൻ, സൗദി അറേബ്യ, സിറിയ, യെമൻ എന്നിവിടങ്ങളിലും ഇസ്രയേൽ പാസ്പോർട്ടുള്ളവർക്ക് പ്രവേശന അനുമതിയില്ല. കഴിഞ്ഞ വർഷം മാലദ്വീപ് സന്ദർശിച്ചത് ഏകദേശം 11,000 ഇസ്രായേലികളാണ്. ഇത് മാലദ്വീപിലെത്തിയ ആകെ വിനോദ സഞ്ചാരികളുടെ 0.6 ശതമാനമായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.