യൂട്യൂബർക്ക് പണക്കൊഴുപ്പിന്റെ അഹങ്കാരം; സഞ്ജു ടെക്കിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഗതാഗതമന്ത്രി

തിരുവനന്തപുരം: കാറിൽ സ്വിമ്മിങ് പൂളുണ്ടാക്കി റോഡിലൂടെ വാഹനമോടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. യൂട്യൂബർക്ക് പണക്കൊഴുപ്പിന്റെ അഹങ്കാരമാണെന്നും മോട്ടർവാഹന വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത നടപടി സ്വീകരിക്കുമെന്നും ഗണേഷ് കുമാർ അറിയിച്ചു.

വിഡിയോയ്ക്ക് റീച്ചുകൂട്ടാൻ ഇനിയും നിയമലംഘനങ്ങളുമായി വരാത്ത തരത്തിലുള്ള നടപടികൾ സ്വീകരിക്കും. മുൻ വിഡിയോകളിലെ നിയമലംഘനങ്ങൾ അടക്കം പരിശോധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. പണമുള്ളവൻ കാറിലല്ല സ്വിമ്മിങ് പൂൾ പണിയേണ്ടത്, വീട്ടിൽ പണിയണം. ഭ്രാന്തന്മാർ സമനില തെറ്റി കാണിക്കുന്ന വേലകൾക്ക് നമ്മളായി റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട, പഴയ കാലമല്ലിതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.