കേരളാ സിലബസ്; ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ ഇത്തവണയും കുറവ്

തിരുവനന്തപുരം: കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ ഇത്തവണയും കുറവ്. ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത് 2.44 ലക്ഷം കുട്ടികളാണ്. കഴിഞ്ഞ വർഷം ഇത് 2.98 ലക്ഷമായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇത്തവണയുണ്ടായത് കഴിഞ്ഞ വർഷത്തേക്കാൾ 53,421 പേരുടെ കുറവാണ്. മൂന്ന് വർഷത്തിനിടെ കുറഞ്ഞത് ഒരു ലക്ഷത്തലധികം കുട്ടികളാണ്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാർഥികളാണ് പ്രവേശനം നേടിയത്. സർക്കാർ സ്‌കൂളുകളിൽ 11.19 ലക്ഷം പേരും എയ്ഡഡ് സ്‌കൂളുകളിൽ 20.30 ലക്ഷം പേരും അൺഎയ്ഡഡ് സ്‌കൂളുകളിൽ 2.99 ലക്ഷം പേരും പ്രവേശനം നേടിയെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. ആറാം പ്രവൃത്തി ദിനത്തിന് ശേഷം മാത്രമേ സമ്പൂർണ്ണ കണക്ക് ലഭിക്കൂ.