ലക്‌നൗ: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടിങ്ങിനിടെ ഉത്തർപ്രദേശിൽ മാത്രം അത്യുഷ്ണത്തിൽ മരണപ്പെട്ടത് 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. യുപി ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബല്ലിയ ലോക്‌സഭാ മണ്ഡലത്തിലെ സികന്ദർപൂർ ബൂത്തിലെ ഒരു വോട്ടറും കടുത്ത ചൂടിനെ തുടർന്ന് മരണപ്പെട്ടു.. റാം ബദാൻ ചൗഹാൻ എന്നയാളാണ് മരിച്ചത്. വോട്ടു ചെയ്യാൻ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
അതേസമയം, ലക്‌നൗവിൽ ഇലക്ടറൽ വോട്ടിങ് മെഷീന് കാവൽ നിന്ന പൊലീസ് കോൺസ്റ്റബിളും മരിച്ചു. ജില്ലാ മജിസ്‌ട്രേറ്റുമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഈ റിപ്പോർട്ട് സമർപ്പിക്കുന്നതാണ്.
എല്ലാ പോളിങ് ബൂത്തിലും കൂളറുകളും മറ്റ് സൗകര്യങ്ങളുമുണ്ടായിരുന്നുവെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

