ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കാനുള്ള കരാർ കെൽട്രോണിന് നൽകിയതിനെതിരെ രംഗത്തെത്തി തമിഴ്‌നാട് ബിജെപി ഘടകം. 1000 കോടി രൂപയുടെ കരാർ എന്തിനാണ് കെൽട്രോണിന് നൽകിയതെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വിശദീകരിക്കണമെന്നാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട് സർക്കാറിന്റെ ഇൽക്കോട്ടിന് നൽകാതെയാണ് കേരള സർക്കാറിന്റെ കെൽട്രോണിന് 1000 കോടി രൂപയുടെ കരാർ നൽകിയതെന്നും കരാറിൽ ക്രമക്കേടുണ്ടെന്നും അണ്ണാമലൈ അറിയിച്ചത്. തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിൽ സ്മാർട്ട് ബോർഡുകളടക്കം അത്യാധുനിക സൗകര്യങ്ങൾ ഒരുക്കാനാണ് കെൽട്രോണിന് കരാർ നൽകിയത്.
പദ്ധതി പ്രകാരം 23,000 സ്‌കൂളുകളിലെ പ്രൈമറി ക്ലാസുകളിലാണ് സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കുക. ഇതിന് പുറമെ, 8000ത്തിലേറെ സ്‌കൂളുകളിൽ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനുകളും നൽകും.

