ജീവാനന്ദം പദ്ധതി നിർബന്ധിതമായല്ല നടപ്പാക്കാൻ പോകുന്നത്; ധനമന്ത്രി

തിരുവനന്തപുരം: ജീവാനന്ദം പദ്ധതിയെ കുറിച്ച് സംസാരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാർക്ക് വിരമിക്കുമ്പോൾ മാസം തോറും നിശ്ചിത തുക കിട്ടത്തക്കവിധം ബജറ്റിൽ പ്രഖ്യാപിച്ച ജീവാനന്ദം പദ്ധതി നിർബന്ധിതമായല്ല നടപ്പാക്കാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് പൂർണമായും ഇൻഷുറൻസ് പദ്ധതിയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ജീവനക്കാരുടെ ശമ്പളം നിർബന്ധമായി പിടിക്കാനുള്ള പദ്ധതിയാണ് ജീവാനന്ദമെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. പദ്ധതി നടപ്പാക്കുന്നതിൽ ഒരു വിഭാഗം സംഘടനകളും പ്രതിപക്ഷവും പ്രതിഷേധിച്ചിട്ടുണ്ട്. ജീവനക്കാർക്ക് അവർ ആഗ്രഹിക്കുന്ന തുക നിക്ഷേപിക്കുന്നതിനും വിരമിക്കുമ്പോൾ മാസംതോറും സ്ഥിരവരുമാനം ലഭ്യമാകുന്നതിനുമുള്ള സൗകര്യം സംസ്ഥാന ഇൻഷുറൻസ് വകുപ്പിലൂടെ നൽകാനാണ് ഉദ്ദേശിച്ചത്.

ഇത് നടപ്പാക്കാനല്ല, ഇതേക്കുറിച്ച് വിദഗ്ധരെ നിയോഗിച്ച് പഠിച്ച് രൂപരേഖ തയ്യാറാക്കാനാണ് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയിൽ ഇത്തരം ആന്വിറ്റി സ്‌കീമുകൾ ധാരാളമുണ്ട്. മറ്റ് ഇൻഷുറൻസ് കമ്പനികളുടെ ആന്വിറ്റി പോളിസികളിൽ നിന്ന് വ്യത്യസ്തമായി ജീവാനന്ദത്തിൽ കൂടുതൽ പലിശയും നിക്ഷേപത്തിന് സുരക്ഷിതത്വവും ഉറപ്പാക്കും. തവണ വ്യവസ്ഥയിൽ പണം അടയ്ക്കാനുള്ള സൗകര്യം നൽകാനും ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.