ഗുവാഹത്തി: അസമിൽ പ്രളയക്കെടുതിയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 12 ആയി. വെള്ളിയാഴ്ച്ച മാത്രം ആറു പേരാണ് അസമിൽ മരിച്ചത്. ഏകദേശം 11 ജില്ലകളെ മഴയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്. റോഡ്, റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. മഴക്കൊപ്പം റെമാൽ ചുഴലിക്കാറ്റും സംസ്ഥാനത്ത് നാശം വിതച്ചു.
ഏകദേശം 3,49,045 പേരാണ് ദുരിത ബാധിതർ. കർബി ആങ്ലോങ്, ദേമാജി, ഹോജായ്, കച്ചർ, കരിംഗഞ്ജ്, ദിബ്രുഗർഹ്, നാഗോൻ, ഹൈലക്കണ്ടി, ഗോലാഘട്ട് വെസ്റ്റ് കർബി ആങ്ലോങ്, ദിമാ ഹസാവോ, എന്നീ ജില്ലകളെയാണ് പ്രളയം കൂടുതലായി ബാധിച്ചത്. പ്രളയം കൂടുതൽ നാശം വിതച്ചത് കച്ചർ ജില്ലയിലാണ്. 1,19,997 പേരാണ് ജില്ലയിൽ ദുരന്ത ബാധിതർ.
ബരാക്ക് നദി അപായകരമാംവിധം ഒഴുകുന്നതിനെ തുടർന്ന് സിൽച്ചറിലെക്കുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പ്രളയത്തെത്തുടർന്ന് കേന്ദ്ര സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് ഉറപ്പു നൽകിയിട്ടുണ്ട്.

