കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; പ്രവചനങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയം ഉറപ്പിച്ചെന്ന വിധത്തിലാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ബിജെപിക്ക് മൂന്ന് സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചിരിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യയുടെ സർവേ ഫലത്തിൽ പറയുന്നത് തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിൽ എൻഡിഎ വിജയം നേടുമെന്നാണ്.

എൽഡിഎഫിന് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സർവേ ഫലം. യുഡിഎഫിന് 17 മുതൽ 19 സീറ്റ് വരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടുമെന്നും തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു.

യുഡിഎഫ് 14 മുതൽ 15 വരെയും എൻഡിഎ ഒന്നും നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. എൻഡിഎ തൃശൂരിൽ ജയിക്കുമെന്നാണ് പ്രവചനം. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് ന്യൂസ് 18 – പോൾഹബ്ബ് എക്‌സിറ്റ് പോൾ ഫലം. യുഡിഎഫ് 15 മുതൽ 18 വരെ സീറ്റുകൾ നേടുമെന്നും എൽഡിഎഫ് രണ്ട് മുതൽ അഞ്ച് വരെ സീറ്റുകൾ നേടുമെന്നും പ്രവചനമുണ്ട്. എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ നേടാമെന്നാണ് ന്യൂസ് 18 സർവേ ഫലം വ്യക്തമാക്കുന്നത്.