16,638 ജീവനക്കാരുടെ വിരമിക്കൽ; ഉടനടി സ്ഥിരനിയമനം ഉണ്ടാവില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന സർവ്വീസിൽ നിന്നും കഴിഞ്ഞ ദിവസം 16,638 സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിച്ചെങ്കിലും അവരുടെ എൻട്രി കേഡറുകളിൽ ഉടനടി സ്ഥിരനിയമനം ഉണ്ടാവില്ലെന്നാണ് വിവരം. ഒഴിവുകളിൽ പകുതിയും അദ്ധ്യാപകരുടേതാണ്. പിടിഎ വഴിയുള്ള താത്കാലിക നിയമനത്തിന് ഉത്തരവിറങ്ങിക്കഴിഞ്ഞു.

പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് താത്കാലിക നിയമനത്തിൽ മുൻഗണനയുണ്ട്. താത്കാലിക അദ്ധ്യാപകരെ ഇക്കൊല്ലം മുഴുവൻ തുടരാൻ അനുവദിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. അതിനാൽ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം പ്രതീക്ഷിക്കേണ്ട. കെഎസ്ഇബിയിൽ 20 തസ്തികകളിലായി 1099പേർ വിരമിച്ചെങ്കിലും അവിടെയും താത്കാലിക നിയമനമാണ്. വിരമിച്ച ഓവർസിയർമാർ താത്കാലികാടിസ്ഥാനത്തിൽ തുടരും.

പൊലീസിൽ 4725 പേരുള്ള പുതിയ ലിസ്റ്റ് നിലവിൽ വന്നെങ്കിലും നിയമന പ്രതീക്ഷ കുറവാണ്. 13,975 പേരുടെ കഴിഞ്ഞ ലിസ്റ്റിൽ നിയമനം കിട്ടിയത് 4,029 പേർക്കാണ്.കെ.എസ്.ആർ.ടി.സിയിൽ 674 ഒഴിവുകളുണ്ടാവുമെങ്കിലും താൽക്കാലികക്കാരുടെ പട്ടികയിലുള്ളവർക്ക് അവസരം നൽകുമെന്നാണ് റിപ്പോർട്ടുകൾ.