ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ ബിജെപി തയ്യാറായില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ് അവസാനഘട്ടമെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ ബിജെപി തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം, പാർപ്പിടം തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളൊന്നും ബിജെപി ചർച്ചയ്ക്കെടുത്തില്ല. 400 സീറ്റിലധികം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞത്. രണ്ടുഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ വിധം മാറി. സാധാരണ ആർഎസ്എസുകാരനേക്കാൾ നിലവാരം കുറഞ്ഞ പ്രചരണമാണ് മോദി നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് അവസാനഘട്ടമെത്തുമ്പോഴേയ്ക്കും മോദി ധ്യാനത്തിലാണ്. താൻ കേവലമൊരു ജൈവിക മനുഷ്യനല്ല എന്നാണ് മോദി ഇപ്പോൾ പറയുന്നത്. ദൈവത്തിന്റെ പ്രതിപുരുഷനായി സ്വയം അവരോധിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവന്ന സാഹചര്യത്തിൽ സമനില തെറ്റിയ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമ്പയിൻ ചെയ്തത്. രാഷ്ട്രീയം ഇതുപോലെ വർഗീയവത്കരിച്ച മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

ഗാന്ധി വധത്തെക്കാൾ വലിയ വധമാണ് നരേന്ദ്ര മോദിയുടെ പ്രസ്താവന. പ്രധാനമന്ത്രിയായി പ്രവർത്തിക്കുന്ന ഒരാൾ ബോധമില്ലാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് രാജ്യത്തിന് അപമാനമുണ്ടാക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കള്ളപ്രചരണങ്ങൾ നടത്തുക, ആ കള്ളപ്രചരണം വാർത്തയാക്കി ചർച്ച ചെയ്യുക, ആ ചർച്ചയെ അടിസ്ഥാനപ്പെടുത്തി ജനങ്ങളുടെ മനസ്സിൽ സംശയം ഉണ്ടാക്കുക. ഇതിനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്നത്. മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരെ നടക്കുന്നത് അപവാദ പ്രചാരണമാണ്. പുതിയ ആരോപണങ്ങൾ നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ലാവ്ലിൻ അടക്കമുള്ള ആരോപണങ്ങൾ കോടതി നിഷ്‌കരുണം തള്ളിയതാണ്. നട്ടാൽക്കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണ്. എക്‌സാലോജിക് ആരോപണ പരമ്പര പ്രതിപക്ഷവും മാധ്യമങ്ങളും ഒരുപോലെ മുന്നോട്ട് വെച്ചു. കോടതിയിൽ നിന്ന് പ്രഹരമേറ്റ മാത്യു കുഴൽനാടൻ ഇപ്പോൾ മൂലയ്ക്ക് ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.