കൊച്ചി: അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസിലെ മുഖ്യകണ്ണി പിടിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് മുഖ്യകണ്ണിയെ പിടികൂടിയത്. പ്രതാപൻ എന്ന പേരിൽ അറിയപ്പെടുന്ന ബല്ലംകൊണ്ട രാമപ്രസാദ് ആണ് പിടിയിലായത്. ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയാണിയാൾ. കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസറാണ് ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ചുള്ള സൂചനകൾ നൽകിയത്.
ഇയാളെ ആലുവയിൽ എത്തിച്ച് ചോദ്യം ചെയ്തു. നിലവിൽ ആലുവ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്. ഓൺലൈനിൽ ആളുകളെ കണ്ടെത്തി അവയവ ദാതാവ് ആകാൻ പ്രേരിപ്പിക്കുന്നതാണ് ഇയാളുടെ രീതി. കേരളത്തിൽ നിന്ന് ഒരാൾ മാത്രമാണ് ഇരയായതെന്നാണ് റിപ്പോർട്ട്. ഇയാൾക്കാണ് ഇറാൻ സംഘവുമായി ബന്ധമെന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
കേസിലെ നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ഹൈദരാബാദ് സ്വദേശിയിൽ നിന്നും തേടാനാണ് നീക്കം.

