ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വീണ്ടും നേട്ടവുമായി ഇന്ത്യ. ആന്റി-റേഡിയേഷൻ മിസൈലായ രുദ്രം-IIവിന്റെ പരീക്ഷണ വിക്ഷേപണം ഡിആർഡിഒ വിജയകരമായി പൂർത്തീകരിച്ചു. ഒഡീഷ തീരത്ത് വച്ചാണ് മിസൈൽ പരീക്ഷണം യാഥാർത്ഥ്യമായത്. സുഖോയ്-30MK-I യുദ്ധവിമാനത്തിൽ നിന്നായിരുന്നു പരീക്ഷണം നടത്തിയത്.
രുദ്രം-2 ന്റെ എല്ലാ പരീക്ഷണ വിക്ഷേപണങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. രുദ്രം ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ആന്റി റേഡിയേഷൻ മിസൈലാണ്. ശത്രുവിന്റെ റഡാർ കണ്ടെത്തി തകർക്കുമെന്നതാണ് രുദ്രത്തിന്റെ പ്രത്യേകത. ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ നട്ടെല്ലായ Su-30MK-I മുഖേന നാല് വർഷം മുൻപ് രുദ്രം മിസൈലിന്റെ mark-1 പതിപ്പ് വികസിപ്പിക്കുകയും പരീക്ഷണ വിക്ഷേപണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഏറ്റവും പുതിയ രൂപമാണ് രുദ്രം-II. 100 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കുന്ന മിസൈൽ സംവിധാനമാണിത്. റഷ്യയുടെ ആന്റി-റേഡിയേഷൻ മിസൈലായ Kh-31 ആണ് നിലവിൽ ഇന്ത്യ ഉപയോഗിക്കുന്നത്. ഇനിമുതൽ രുദ്രം മിസൈലുകൾക്ക് Kh-31നുള്ള മികച്ച ബദലാകാൻ സാധിക്കും.
രുദ്രം IIന്റെ പരീക്ഷണം വിജയകരമായതിന് പിന്നാലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യ ആത്മനിർഭരമാകാൻ സുപ്രധാന പങ്കുവഹിക്കുന്ന ഡിആർഡിഒയേയും ഇന്ത്യൻ വ്യോമസേനയേയും അദ്ദേഹം പ്രശംസിച്ചു.