കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് ഡയസാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സിബിഐയുടെ എതിർപ്പ് തളളിയായിരുന്നു നടപടി. റാഗിങ്, വയനാട് ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യവ്യവസ്ഥകൾ.
ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യപേക്ഷയെ എതിർത്തിരുന്നു. പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥനാണ് റാഗിങ്ങിന് പിന്നാലെ മരിച്ചത്. ഫെബ്രുവരി 18 ന് ആണ് സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഹോസ്റ്റൽ മുറിയിലെ ശുചിമുറിക്കുളളിലായിരുന്നു സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ മുഴുവൻ വിദ്യാത്ഥികൾക്കും ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിട്ടുണ്ട്. സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. കേസ് ഏറ്റെടുത്ത സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തങ്ങളുടെ കസ്റ്റഡി ആവശ്യമില്ല എന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാർഥികളെയാണ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തത്. ഇവരിൽ 19 വിദ്യാർഥികൾക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഒരു പ്രതിക്ക് സിബിഐ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

