ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ ഇലോൺ മസ്‌കിനെ വൈറ്റ്ഹൗസിന്റെ ഉപദേഷ്ടാവായി നിയമിച്ചേക്കും; റിപ്പോർട്ട്

വാഷിംഗ്ടൺ: വരനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ ഇലോൺ മസ്‌കിനെ വൈറ്റ്ഹൗസിന്റെ ഉപദേഷ്ടാവായി നിയമിച്ചേക്കുമെന്ന് സൂചന. മസ്‌കും ട്രംപും ഇതുമായി ബന്ധപ്പെട്ട് ഫോൺ സംഭാഷണങ്ങൾ നടത്തിയെന്നാണ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

ട്രംപും മസ്‌കും തമ്മിൽ മാർച്ച് മാസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോടീശ്വര വ്യവസായിയായ നെൽസൺ പെൽറ്റ്സിന്റെ എസ്റ്റേറ്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. അന്ന് മുതൽ ഇരുവരും തമ്മിൽ കുടിയേറ്റം ഉൾപ്പടെ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ ട്രംപ് പ്രസിഡന്റ് പദവിയിലിരിക്കെ വൈറ്റ് ഹൗസിന്റെ ബിസിനസ് അഡൈ്വസറി ഗ്രൂപ്പിൽ മസ്‌ക് സേവനം അനുഷ്ഠിച്ചിരുന്നു.

എന്നാൽ 2017 ൽ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് യുഎസ് പിൻമാറിയതിനെ തുടർന്ന് മസ്‌ക് ഇതിൽ നിന്ന് പിൻമാറുകയും ചെയ്തു. അതേസമയം, തിരഞ്ഞെടുപ്പിൽ രണ്ട് പക്ഷങ്ങളുടെ പ്രചാരണത്തിനും സംഭാവന നൽകില്ലെന്ന് മസ്‌ക് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.