26 റഫാൽ ഫൈറ്റർ ജെറ്റുകൾ ഉടനെത്തും; ചർച്ചകൾക്കായി ഫ്രഞ്ച് സംഘം ഇന്ത്യയിൽ

കൊച്ചി: ഫ്രാൻസിൽ നിന്ന് 26 റഫാൽ മറൈൻ ജെറ്റ് ഫൈറ്റർ വിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം നിർണായക ഘട്ടത്തിലെത്തി. അരലക്ഷം കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് അടുത്തഘട്ട ചർച്ചകൾക്കായി ഫ്രഞ്ച് സംഘം ഡൽഹിയിലെത്തി. കഴിഞ്ഞ ദിവസമാണ് സംഘം ഡൽഹിയിലെത്തിയത്.

റഫാലുകൾ, നേവിക്കായി കൊച്ചിയിൽ നിർമ്മിച്ച പുതിയ വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്തിനും നേട്ടമാകും. റഫാൽ മറൈൻ വിമാനങ്ങൾ സ്വന്തമായാൽ വിക്രാന്തിനൊപ്പം ഐഎൻഎസ് വിക്രമാദിത്യയിലും വിന്യസിക്കാനാണ് നേവിയുടെ തീരുമാനം. 2016ലായിരുന്നു റഫാലിന്റെ ആദ്യ ഇടപാട് നടന്നത്.

വ്യോമസേനയ്ക്കായി 59,000 കോടി മുടക്കി 39 റഫാലുകളാണ് വാങ്ങിയത്. കഴിഞ്ഞവർഷം ജൂലായ് 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശത്തിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജനാഥ് സിംഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ രണ്ടാംഘട്ട റഫാൽ ഇടപാടിന് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. തുടർന്ന് ഇന്ത്യ നൽകിയ അപേക്ഷ സ്വീകരിച്ച് ഫ്രാൻസ് കത്തുനൽകി. ഇതിന്റെ തുടർച്ചയായാണ് ഈയാഴ്ചത്തെ ഉന്നതതല ചർച്ച.ഫ്രഞ്ച് സർക്കാരിന്റെയും ഫൈറ്റർ വിമാനനിർമ്മാതാക്കളായ ഡസോൾട്ടിന്റെയും, വെപ്പൺ സിസ്റ്റം ഇന്റഗ്രേറ്റർ ‘തെയ്‌സി’ന്റെയും പ്രതിനിധികൾ ഡൽഹിയിലെത്തിയത്.