ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ദൈവമാണ് തന്നെ അയച്ചത്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. പാവങ്ങളെ സഹായിക്കുന്നതിന് പകരം അദാനി, അംബാനിമാരേപ്പോലുള്ളവരെ സഹായിക്കാനാണ് മോദിയെ അയച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ദിയോറിയയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി മറ്റുള്ളവരെ പോലെ ബയോളജിക്കലി ആയുള്ള ആളല്ല. മോദി മുകളിൽ നിന്ന് നേരിട്ട് വന്നതാണ്. അദ്ദേഹത്തെ ദൈവം ഇന്ത്യയിലേക്ക് അയച്ചതാണ്. അദ്ദേഹത്തെ ദൈവം അയച്ചത് അംബാനിയേയും അദാനിയേയും സഹായിക്കാനാണ്. അല്ലാതെ, കർഷകരേയും തൊഴിലാളികളേയും പാവപ്പെട്ടവരേയും സഹായിക്കാൻ വേണ്ടിയല്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
ഏതുതരത്തിലുള്ള ദൈവമാണ് അദ്ദേഹത്തെ അയച്ചിരിക്കുന്നത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം ദൈവമാണത്. അഗ്നിപഥ് പദ്ധതിയെ വലിച്ച് കുപ്പത്തൊട്ടിയിൽ ഇടും. രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച സൈനികരെ രണ്ട് വിഭാഗമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചിരിക്കുന്നു. ഒന്ന് സാധാരണ സൈനികനും മറ്റൊന്ന് പാവപ്പെട്ട വീട്ടിലെ സൈനികനും. ആദ്യത്തെ വിഭാഗത്തിന്റെ കുടുംബത്തിന് പെൻഷൻ, സ്റ്റാറ്റസ് തുടങ്ങി മറ്റുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. എന്നാൽ, അഗ്‌നിവീറുകൾക്കാകട്ടെ പെൻഷനോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ അഗ്‌നിപഥ് പദ്ധതി തുടച്ചുനീക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പദ്ധതി സൈന്യത്തിന് വേണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.