ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനമിരിക്കും. മെയ് 30 മുതൽ രണ്ടു ദിവസമാണ് പ്രധാനമന്ത്രിയുടെ ധാന്യം. മെയ് 30 വൈകുന്നേരം മുതൽ ജൂൺ ഒന്നാം തീയതി വൈകുന്നേരം വരെ പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിലെ ധ്യാന മണ്ഡപത്തിൽ ഉണ്ടായിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്ന ദിവസമാണ് മെയ് 30.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കന്യാകുമാരിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടത്തുന്ന പതിവ് ആത്മീയ യാത്രയുടെ ഭാഗമായാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തുന്നതെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
1892 ഡിസംബർ 25 മുതൽ 27 വരെ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന സ്ഥലമാണ് വിവേകാനന്ദപാറ എന്നറിയപ്പെടുന്നത്. സ്വാമി വിവേകാനന്ദൻ കന്യാകുമാരി തീരത്ത് എത്തി കടൽ നീന്തിക്കടന്നാണ് ഈ പാറയിലെത്തിയത്. 1970ൽ ഇവിടെ സ്മാരകം ഉണ്ടായി. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവ സമ്മേളിക്കുന്നയിടത്ത് ഏകദേശം 500 മീറ്റർ മാറിയാണ് വിവേകാനന്ദ പാറ സ്ഥിതിചെയ്യുന്നത്. ഇതിന് സമീപത്തായി തിരുവള്ളുവർ പ്രതിമയുമുണ്ട്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി 2019ൽ കേദാർനാഥിലും 2014ൽ ശിവജിയുടെ പ്രതാപ്ഗഢിലും ധ്യാനമിരുന്നിട്ടുണ്ട്.