കാൻ ഫിലിം ഫെസ്റ്റിവൽ; ഗ്രാൻഡ് പ്രീ പുരസ്‌കാര നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

തിരുവനന്തപുരം: കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടി ഇന്ത്യക്ക് അഭിമാനമായ ‘ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്’ ചിത്രത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം കരസ്ഥമാക്കി ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തോടെ സമകാലിക ലോക സിനിമയിലെ ഉറച്ച ശബ്ദമായി മാറിയിരിക്കുകയാണ് സംവിധായികയായ പായൽ കപാഡിയയെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണെന്നത് മലയാളികൾക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. ഇനിയും നല്ല സിനിമകൾ സൃഷ്ടിക്കാൻ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തട്ടെയെന്നും ആശംസിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ളവരും ചിത്രത്തിന് അഭിനന്ദനങ്ങൾ നേർന്നു. ചരിത്ര നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഫ് ടി ഐ ഐയുടെ പൂർവ വിദ്യാർത്ഥിയായ പായൽ ആഗോള വേദിയിൽ തിളങ്ങുന്നത് തുടരുകയാണെന്നും ഇനിയും അത് തുടരട്ടെയെന്നും മോദി കുറിച്ചു. പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്’ ടീമിനെയും ‘ദ ഷെയിംലെസ്സ്’ചിത്രത്തിലൂടെ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ അനസൂയ സെൻഗുപ്തയെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഈ സ്ത്രീകൾ ചരിത്രം രചിക്കുകയാണെന്നും ഇന്ത്യൻ ചലച്ചിത്ര മേഖലയെ മുഴുവൻ പ്രചോദിപ്പിക്കുകയാണെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.