വൈദ്യുതി ഉത്പാദനം കൂട്ടി; നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നില്ല

ഇടുക്കി: സംസ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്ന ശക്തമായ വേനൽ മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മഴക്കാലത്തിന് മുമ്പ് വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് കുറച്ച് നിർത്താനുള്ള കെഎസ്ഇബിയുടെ തീരുമാനം മൂലമാണ് അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നത്. അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനം.

വ്യാഴാഴ്ച രാവിലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2333.72 അടിയായിരുന്നു. നീരൊഴുക്ക് ശക്തമായിട്ടും വെള്ളിയാഴ്ച ജലനിരപ്പ് 2333.10 ലേക്ക് താഴ്ന്നു. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടിയതാണ് ജലനിരപ്പ് താഴാൻ കാരണം. ചൊവ്വാഴ്ച ആറ് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയിലെ വെള്ളം ഉപയാഗിച്ച് ഉത്പാദിപ്പിച്ചത്. ഇത് ബുധനാഴ്ച 11.98 ദശലക്ഷവും വ്യാഴാഴ്ച 15.56 ദശലക്ഷവുമാക്കി. അഞ്ച് മാസമായി തകരാറിലായിരുന്ന ഒന്നാം നമ്പർ ജനറേറ്ററും ബുധനാഴ്ച പ്രവർത്തനം തുടങ്ങിയതോടെ ഉൽപ്പാദനം പൂർണതോതിലായി.

വേനൽക്കാലത്ത് കേന്ദ്രവിഹിതമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന് വൈദ്യുതി ലഭിച്ചിരുന്നു. മഴയെത്തിയതിനാൽ മെയ് അവസാനത്തോടെ ഇത് തിരികെ നൽകാൻ ആരംഭിച്ചു. ഇത് കാരണമാണ് ഉത്പാദനം കൂട്ടിയതെന്നാണ് കെഎസ്ഇബി അറിയിച്ചിട്ടുള്ളത്.