മുല്ലപ്പെരിയാർ; കേരളത്തിന്റെ അഭ്യർത്ഥന ചർച്ച ചെയ്യരുതെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യർത്ഥന ചർച്ച ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്നാട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എഴുതിയ കത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും അദ്ദേഹം അറിയിച്ചു.

ബ്രിട്ടീഷുകാരുടെ കാലത്താണ് ഇപ്പോഴുള്ള മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഓരോ വശങ്ങളും പരിശോധിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ദ സമിതി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ അണക്കെട്ടിന് വേണ്ടിയുള്ള കേരള സർക്കാരിന്റെ അഭ്യർഥനയിന്മേൽ പഠനത്തിന് വേണ്ടിയുള്ള അനുമതി നൽകുകയാണെങ്കിൽ അത് സുപ്രീം കോടതി വിധിയ്ക്ക് എതിരാകും. ഇതിനെതിരേ ശക്തമായ നിയമനടപടികളുമായി തങ്ങൾ മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.