സൂര്യാഘാതം; ഷാരൂഖ് ഖാൻ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മദാബാദിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. സൂര്യാഘാതത്തെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്.

ചൊവ്വാഴ്ച ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാൻ അഹമ്മദാബാദിലെത്തിയതായിരുന്നു താരം. മത്സരത്തിനിടെ സൂര്യാഘാതത്തെ തുടർന്ന് ഷാരൂഖ് അസുഖബാധിതനായെന്നാണ് റിപ്പോർട്ട്.

അഹമ്മദാബാദിൽ 45 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയിൽ നടന് നിർജ്ജലീകരണം അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കൽ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോൾ.

ആശുപത്രിയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.