കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തിൽ ശാസ്ത്രീയ റിപ്പോർട്ട് അനുസരിച്ച് തുടർ നടപടിയുണ്ടാകും. വ്യവസായ മന്ത്രി പി. രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. പെരിയാൽ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തരത്തിലും മലീകരണം ഉണ്ടാകരുത് എന്നാണ് വ്യവസായ വകുപ്പ് നിലപാട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. രാസമാലിന്യമാണോ ജൈവ മാലിന്യം ആണോ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമായതെന്ന് കണ്ടെത്താൻ ശാസ്ത്രീയ പഠനങ്ങൾ ആരംഭിച്ചു. നഷ്ട്ടം നികത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ട് അനുസരിച്ച് നടപടികൾ സ്വീകരിക്കും. പാതാളം റെഗുലേറ്റർ തുറക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോൾ ഇല്ല. ഇനി മുതൽ അത് നടപ്പാക്കും. മലിനീകരണ നിയന്ത്രണ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥന് മേൽനോട്ട ചുമതല കൊടുക്കുന്നത് പരിഗണനയിലാണ്. പെരിയാർ അതോറിറ്റി അഥവാ പുഴകൾക്കായി അതോറിറ്റി എന്ന ആലോചന സജീവമാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തുവെന്ന് അദ്ദേഹം വിശദീകരിച്ചു.
അന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ രാസമാലിന്യ സാന്നിധ്യം ഉണ്ടെങ്കിൽ കർശന നടപടിയുണ്ടാകും. ശാസ്ത്രീയ റിപ്പോർട്ട് അനുസരിച്ചായിരിക്കും തീരുമാനം.1998 ശേഷം രസമാലിന്യം അളവ് കുറഞ്ഞു വരുന്നു എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ഇതിൽ മാറ്റമുണ്ടായിട്ടുണ്ടോയെന്നത് സബ് കളക്ടർ റിപ്പോർട്ട് അനുസരിച്ചു തീരുമാനിക്കും.സബ് കളക്ടർ റിപ്പോർട്ട് അനുസരിച്ചു ആവശ്യമെങ്കിൽ സ്വതന്ത്ര അന്വേഷണം നടത്തും. നിശ്ചിത അളവിൽ മാലിന്യം പുറത്തുവിടാൻ അനുമതിയുണ്ട്.
ദിവസേന പരിശോധനയും നടത്താറുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നിരുന്നതിനാൽ മഴക്കാല പൂർവ മുന്നൊരുക്ക പ്രവർത്തനങ്ങളെ ബാധിച്ചു. മുന്നൊരുക്ക പ്രവർത്തനങ്ങളിൽ മന്ത്രി പങ്കെടുക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. തനിക്ക് നേരിട്ട് പോയി നടപടികൾ സ്വീകരിക്കാനായില്ല. സാധാരണ ഇതിന് ഇളവ് കിട്ടേണ്ടതാണ്. ഭരണ സംവിധാനത്തിന് ഇളവ് കമ്മീഷനാണ് നൽകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

