ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 46 പേർക്ക് ദേഹാസ്വാസ്ഥ്യം

ബംഗളൂരു: ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കർണാടകയിലാണ് സംഭവം. ബെലഗാവിയിലെ ഹൂളികട്ടി ഗ്രാമത്തിലെ ഭിരേശ്വർ ക്ഷേത്രത്തിൽ നിന്നും കരേമ്മ മേളയിൽ നിന്നും പ്രസാദം കഴിച്ച 46 പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവർക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എട്ട് പേരെ ധാർവാഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരെല്ലാം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഗ്രാമത്തിലെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ക്ഷേത്രത്തിൽ നിന്നും ലഭിച്ച പ്രസാദം കഴിച്ചതാണോ അതോ വെളളം കുടിച്ചതാണോ ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നതിൽ അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം, തമിഴ്‌നാട് ഈറോഡിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരിയും മരിച്ചിരുന്നു. തമിഴ്നാട് ഗോപിച്ചെട്ടിപ്പാളയത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ഈ ക്ഷേത്രത്തിലെ പത്ത് പൂജാരികളിൽ ഒരാളായ പളനി സാമിയാണ് (51) മരിച്ചത്. 25 വർഷമായി ഇദ്ദേഹം പൂജാരിയായി ജോലി ചെയ്തുവരികയായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഭക്തർ 20 ആടുകളെ നേർച്ചയ്ക്കായി എത്തിച്ചിരുന്നു. ഇവയെ ബലി കൊടുക്കുന്നതാണ് പതിവ്. ബലി നടത്തിയ ആടിന്റെ രക്തം പൂജാരിമാർ വാഴപ്പഴത്തിൽ ചേർത്ത് കഴിക്കുന്നതും ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്.ഈ ചടങ്ങ് പളനി സാമിയാണ് ചെയ്തത്. എന്നാൽ ചടങ്ങിനിടെ ഇയാൾക്ക് അസ്വസ്ഥത അനുഭപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് അബോധാവസ്ഥയിലായ പളനിയെ ക്ഷേത്ര ഭാരവാഹികൾ ഗോപിച്ചെട്ടിപ്പാളയം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.