പതഞ്ജലിയുടെ പേരിൽ നിയമവിരുദ്ധ പരസ്യങ്ങൾ; ബാബാ രാം ദേവ് കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം

കോഴിക്കോട്: ബാബാ രാം ദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവർ കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം. പതഞ്ജലി ഉൽപന്നങ്ങളുടെ പേരിൽ നിയമവിരുദ്ധ പരസ്യങ്ങൾ നൽകിയെന്ന കേസിലാണ് നടപടി. കോഴിക്കോട് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ആരോഗ്യപ്രവർത്തകനായ ഡോ കെ വി ബാബു സംസ്ഥാന ഡ്രഗ് കൺട്രോളർക്ക് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജൂൺ മൂന്നിന് ഹാജരാകണമെന്നാണ് കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിർമാണ കമ്പനിയായ ദിവ്യ ഫാർമസിയാണ് കേസിൽ ഒന്നാംപ്രതി. ബാബാ രാംദേവാണ് രണ്ടാം പ്രതി. കേസിലെ മൂന്നാം പ്രതി ആചാര്യ ബാലകൃഷ്ണയാണ്. ഡ്രഗ്സ് ആൻഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിൾ അഡൈ്വർടൈസ്മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകിയതിന് ഡ്രഗ് കൺട്രോൾ വിഭാഗമെടുത്ത കേസിലാണ് നടപടി.