ബെംഗളൂരു: ബംഗളൂരുവിൽ ലഹരിവേട്ട. നഗരത്തിലെ റേവ് പാർട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡിൽ ലഹരിമരുന്ന് പിടിച്ചെടുത്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി ആർ ഫാംഹൗസിൽ നടന്ന പാർട്ടിക്കിടെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) റെയ്ഡ് നടത്തിയത്. പാർട്ടി നടന്ന ഫാംഹൗസിൽ നിന്ന് എംഡിഎംഎയും കൊക്കെയ്നും ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തുവെന്ന് അധികൃതർ അറിയിച്ചു.
തെലുങ്കു നടിമാർ ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്ന വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഈ തെലുഗു നടിമാർ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്. ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നായി നൂറിലേറെ പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. നടിമാരും മോഡലുകളും ടെലിവിഷൻ താരങ്ങളും ഉൾപ്പെടെയുള്ളവരും ഡിജെകളും ടെക്കികളുമാണ് പാർട്ടിയിലുണ്ടായിരുന്നത്. ‘ബ്ലഡി മസ്‌കാര’, ‘റാബ്സ്’, ‘കയ്വി’ തുടങ്ങിയ ഡിജെകളാണ് പാർട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്.
ഫാംഹൗസിൽ പാർട്ടി സംഘടിപ്പിച്ചിരുന്നത് ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ്. ആന്ധ്രാപ്രദേശിൽ നിന്ന് ഇയാൾ നേരിട്ടെത്തിയാണ് പാർട്ടിയുടെ സംഘാടനം ഉൾപ്പെടെ ഏകോപിപ്പിച്ചത്. ‘സൺസെറ്റ് ടു സൺറൈസ്’ എന്ന് പേരിലായിരുന്നു പാർട്ടി നടന്നത്. ഏകദേശം 35 ലക്ഷം രൂപ ചെലവിട്ടാണ് പാർട്ടി നടന്നത്. അനുവദനീയമായ സമയം കഴിഞ്ഞും റേവ് പാർട്ടി തുടരുന്ന വിവരമറിഞ്ഞ് സി.സി.ബി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

