ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാൻ പ്രസിഡന്റിന്റെ ദാരുണമായ വിയോഗം ഞെട്ടിക്കുന്നതാണെന്ന് മോദി പറഞ്ഞു. ഈ ദുരിത സമയത്ത് തങ്ങൾ ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റൈസി നൽകി സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. റൈസിയുടെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇറാനുമായി നല്ല നയതന്ത്ര, വാണിജ്യ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. വിഷമിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി വിശദമാക്കി. എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ വ്യക്തമാക്കിയത്.
ഹെലികോപ്റ്റർ അപകടത്തിൽപെട്ടാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടത്. അപകടത്തിൽ ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഉൾപ്പെടെ മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹെലികോപ്ടറിന് സമീപത്തു നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് പുറത്തു വരുന്ന വിവരം.
പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് ചില മൃതദേഹങ്ങൾ. ഇവ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും രക്ഷാപ്രവർത്തകർ അറിയിച്ചുവെന്നാണ് സൂചനകൾ. തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവർത്തകരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തകർന്ന ഹെലികോപ്ടറിന്റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്.
അതേസമയം, മുഹമ്മദ് മുഖ്ബർ ഇറാന്റെ ഇടക്കാല പ്രസിഡന്റാകും. 50 ദിവസത്തേക്കാണ് മുഖ്ബർ ചുമതലയേൽക്കുന്നത്. ഈ കാലയളവിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കണം.

