കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മമതാ ബാനർജി മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമകൃഷ്ണ മിഷനിലേയും ഭാരത് സേവാശ്രം സംഘത്തിലേയും ചില സന്യാസിമാർ തൃണമൂൽ കോൺഗ്രസിനെതിരെ നിന്ന് ബിജെപിയെ പിന്തുണയ്ക്കുകയാണെന്ന മമതാ ബാനർജിയുടെ പ്രസ്താവനക്കെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ജനങ്ങളുടെമേൽ അധികാരം കാണിക്കുകയും ചെയ്ത തൃണമൂൽ കൊൺഗ്രസ്, ഇപ്പോൾ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സേവനത്തിന്റെയും ധാർമ്മികതയുടെയും പേരിൽ രാജ്യത്തിനകത്തും പുറത്തും പേരുകേട്ട സംഘടനകളാണ് ഇസ്‌കോണും രാമകൃഷ്ണമിഷനും ഭാരത് സേവാശ്രം സംഘവും. ഇന്ന് ബംഗാൾ മുഖ്യമന്ത്രി അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. വോട്ട് ബാങ്ക് നേടാൻ വേണ്ടി മാത്രമാണിത്. ഭാരത് സേവാശ്രം സന്യാസി കാർത്തിക് മഹാരാജിനെ മമത വിമർശിച്ചിരുന്നു. ബംഹ്രാംപൂരിലൊരു രാജാവുണ്ട്, കാർത്തിക് മഹാരാജ്. കുറച്ചു നാളായി അദ്ദേഹത്തേപ്പറ്റി താൻ കേൾക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ ഒരു ഏജന്റിനെ പോലും പോളിങ്ങ് ബൂത്തിലേക്ക് കയറ്റില്ലെന്നാണ് അയാൾ പറഞ്ഞത്. രാഷ്ട്രീയത്തിലേക്ക് നേരിട്ടിറങ്ങി രാജ്യത്തെ നശിപ്പിക്കുന്ന അദ്ദേഹത്തെ താൻ സന്യാസിയായി കാണുന്നില്ല. ഭാരത് സേവാശ്രം സംഘത്തെ താൻ ഒരുപാട് ബഹുമാനിച്ചിരുന്നുവെന്നും മോദി വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് അവരുടെ ‘ഷാജഹാനെ’ സംരക്ഷിക്കാനായി സന്ദേശ്ഖലിയിലെ സഹോദരികളെ കുറ്റപ്പെടുത്തുകയും അവരെ വ്യക്തിഹത്യ നടത്തുകയും ചെയ്തു. മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് അംബേദ്കർ എതിരായിരുന്നു. എന്നാൽ, ഇന്ത്യാ സഖ്യത്തിന് മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കണമെന്നാണ് ആഗ്രഹമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

