ഹെലികോപ്റ്റർ അപകടം; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി മരണപ്പെട്ടു

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാൻ മാദ്ധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഉൾപ്പെടെ മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിര്കകുന്നത്. ഹെലികോപ്ടറിന് സമീപത്തു നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് പുറത്തു വരുന്ന വിവരം.

പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് ചില മൃതദേഹങ്ങൾ. ഇവ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും രക്ഷാപ്രവർത്തകർ അറിയിച്ചുവെന്നാണ് സൂചനകൾ. തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവർത്തകരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തകർന്ന ഹെലികോപ്ടറിന്റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്.

ടെഹ്‌റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.