കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള ഇഡി ആവശ്യത്തിൽ തിരിച്ചടി

കൊച്ചി: കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ബുധനാഴ്ച സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇഡിയുടെ ആവശ്യം പരിഗണിക്കാതിരുന്നത്. ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ഇടക്കാല ഉത്തരവിന്റെ കാലാവധിയും കഴിഞ്ഞെന്ന് ഇ.ഡി ബോധിപ്പിച്ചെങ്കിലും കോടതി വിഷയത്തിൽ ഇടപെടാൻ തയാറായില്ല.

തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി ഇഡി സമർപ്പിച്ച രേഖകൾ കോടതി പരിശോധിച്ചിരുന്നു. മസാലബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി കേസ്. രജിസ്റ്റർ ചെയ്തിരിക്കുന്നത്.