കൊച്ചി: അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ ആണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അവയവക്കച്ചവടത്തിനായി ആളുകളെ വിദേശത്തേയ്ക്ക് കടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തുകയും പിന്നീട് വൃക്ക കച്ചവടം നടത്തുകയുമായിരുന്നു സംഘം ചെയ്തിരുന്നത്. ആദ്യം നെടുമ്പാശ്ശേരിയിൽ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസർ പിടിയിലായത്.
ഇയാൾക്കെതിരെ അവയവ കടത്ത് നിരോധന നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണ് ഇയാളെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ കുടുങ്ങുമെന്നും അധികൃതർ വിലയിരുത്തുന്നു.

