ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് നടത്തിയ പരിശോധനയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പിടിച്ചെടുത്തത് 8,889 കോടി രൂപ മൂല്യമുള്ള വസ്തുക്കളെന്ന് കണക്കുകൾ. വോട്ടർമാരെ സ്വാധീനിക്കാനായി കൊണ്ടു വന്നവയാണ് പിടിച്ചെടുത്തിരിക്കുന്നത്.
കഴിഞ്ഞ രണ്ടുമാസത്തിനിടെ സി-വിജിൽ ആപ്പ് വഴി 4.24 ലക്ഷം പരാതികൾ ലഭിച്ചുവെന്നും ഇവയിൽ 99.9 ശതമാനം പരാതികളും തീർപ്പാക്കിയെന്നും കമ്മിഷൻ വിശദമാക്കി. പിടിച്ചെടുത്തതിൽ 45 ശതമാനം വസ്തുക്കളും ലഹരി ഉത്പന്നങ്ങളും നിരോധിത വസ്തുക്കളുമാണ്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ മാത്രം 3,959 കോടി രൂപ മതിക്കും. മദ്യം, മയക്കുമരുന്ന്, വിലയേറിയ ലോഹങ്ങൾ, സൗജന്യവിതരണത്തിനായി കൊണ്ടുവന്ന സാധനങ്ങൾ, പണം എന്നിവയാണ് വോട്ടർമാരെ സ്വാധീനിക്കാനായി എത്തിച്ചതെന്ന് കമ്മിഷൻ അറിയിച്ചു.
മയക്കുമരുന്നും രാസലഹരിവസ്തുക്കളും പിടികൂടുന്നതിന് കമ്മിഷൻ പ്രത്യേകശ്രദ്ധ നൽകുന്നുണ്ട്. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും തീരദേശസേനയും സംയുക്തമായി നടത്തിയ ദൗത്യത്തിൽ മൂന്ന് ദിവസത്തിനിടെ 892 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
പണമായി 849.15 കോടി രൂപ പിടിച്ചെടുത്തു. 814.85 കോടി രൂപയുടെ മദ്യവും 3958.85 കോടി രൂപയുടെ മയക്കുമരുന്നും 1260.33 കോടി രൂപ മൂല്യമുള്ള ലോഹങ്ങളും കണ്ടെടുത്തു. കേരളത്തിൽ നിന്ന് 15.66 കോടി രൂപയാണ് പണമായി പിടിച്ചതെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
3.63 കോടി രൂപയുടെ മദ്യം (83,979.20 ലിറ്റർ), 45.82 കോടി രൂപ മൂല്യമുള്ള മയക്കുമരുന്ന്, 26.83 കോടി രൂപ മൂല്യമുള്ള ലോഹം, സൗജന്യവിതരണത്തിനായി കൊണ്ടുവന്ന 5.69 കോടി രൂപയുടെ വസ്തുക്കൾ എന്നിവയും കേരളത്തിൽ നിന്ന് പിടിച്ചെടുത്തു.

