ജിഷ വധക്കേസ്; പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച വിധി പറയും

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. കേസിൽ നിന്നും തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീലിലും കോടതി തിങ്കളാഴ്ച്ച വിധി പറയും. 2016 ഏപ്രിൽ 28നാണ് ജിഷ കൊല്ലപ്പെട്ടത്. നിയമ വിദ്യാർത്ഥിനിയായ ജിഷയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു.

38 മുറിവുകളാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. 2016 ജൂൺ പതിനാറിനാണ് പ്രതി പിടിയിലായത്. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ വിചാരണക്കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു. താൻ നിരപരാധിയാണെന്നും തനിക്കെതിരെയുള്ള തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്നെ പിടികൂടിയ ശേഷമാണ് ശാസ്ത്രീയ തെളിവുകൾ ഉണ്ടാക്കിയത്. കൃത്യം നടത്തിയത് മറ്റാരോ ആണ്. ജിഷയെ മുൻപരിചയമില്ലെന്നും തന്നെ വെറുതെ വിടണമെന്നുമായിരുന്നു അമിറുൾ ഇസ്ലാം ഹർജിയിൽ പറയുന്നു.

ഒരാൾക്ക് വധശിക്ഷ വിധിച്ചാൽ അത് നടപ്പാക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് ഇപ്പോഴത്തെ നിയമം. അതിനാലാണ് വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.