പുൽപ്പള്ളി: വയനാട്ടിൽ എട്ടുകോടിയുടെ കൃഷിനാശം. രൂക്ഷമായ വരൾച്ചയിലാണ് കൃഷിനാശം സംഭവിച്ചിരിക്കുന്നത്. ജില്ലയിലെ 26 കൃഷി ഭവനുകളുടെ പരിധിയിലായി 722 ഹെക്ടറാണ് കൃഷി നശിച്ചത്. മുള്ളൻകൊല്ലി സ്വദേശി വിദ്യാധരന്റെ കുരുമുളക് തോട്ടം വയനാട്ടിലെ കൃഷി നാശത്തിന്റെ ഉദാഹരണമാണ്.
പച്ചപുതച്ചു കിടക്കേണ്ട തോട്ടത്തിൽ കരിഞ്ഞുണങ്ങിയ വള്ളികൾ മാത്രമാണ് ഇപ്പോൾ കാണാനുള്ളത്. ജില്ലയിൽ ഇതേപോലെ, നിരവധി കുരുമുളക് കർഷകരാണ് ദുരിതം അനുഭവിക്കുന്നത്. 288 ഹെക്ടർ സ്ഥലത്തെ വള്ളികൾ കൊടുംവേനലിൽ വാടിപ്പോയി. അതിൽ 255 ഹെക്ടറും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലാണ്.
ചൂട് കനത്തതും വേനൽമഴ കൃത്യമായി കിട്ടാത്തതുമാണ് കുരുമുളക് കൃഷിക്ക് തിരിച്ചടിയായത്. കുരുമുളക് കൃഷി മാത്രമല്ല വാഴയും കാപ്പിയും കമുകും ഉൾപ്പെടെ പല കൃഷികളും നശിച്ചിട്ടുണ്ട്.