തിരുവനന്തപുരം: ഈ മാസം വിരമിക്കുന്ന പതിനാറായിരത്തിലേറെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം തവണകളായി നൽകാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. സർക്കാർ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. തുക ട്രഷറിയിലേക്ക് മാറ്റി ആകർഷകമായ പലിശ നൽകാമെന്നും അത്യാവശ്യക്കാർക്ക് തവണകളായി വിതരണം ചെയ്യാമെന്നുമുള്ള കണക്കുകൂട്ടലിലാണ് സർക്കാർ.
നിലവിൽ ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര കഴിഞ്ഞ് മടങ്ങി എത്തുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. വിരമിക്കൽ ആനുകൂല്യം മരവിപ്പിച്ചു നിറുത്തിയാൽ നിയമപ്രശ്നങ്ങൾക്കിടയാക്കും. അതുകൊണ്ടാണ് തവണകളായി കൊടുക്കാൻ ആലോചിക്കുന്നത്. ജീവനക്കാർക്ക് ക്ഷാമബത്ത കുടിശികയായി നൽകാനുള്ള 22500 കോടിയും ശമ്പളപരിഷ്ക്കരണ കുടിശികയായ 15000 കോടിയും സാമ്പത്തിക പ്രതിസന്ധി മൂലം മരവിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ പൊതുവായ്പാ ലഭ്യതയിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തിയത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.