ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും വിരുദ്ധം; എൽടിടിഇക്കുള്ള നിരോധനം നീട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: എൽടിടിഇക്കുള്ള നിരോധനം നീട്ടി കേന്ദ്രസർക്കാർ. യുഎപിഎ നിയമപ്രകാരം അഞ്ചു വർഷത്തേക്കാണ് നിരോധനം നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

എൽടിടിഇ സംഘടന രാജ്യത്ത് പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എൽടിടിഇയുടെ തുടർച്ചയായ അക്രമവും വിനാശകരമായ പ്രവർത്തനങ്ങളും ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എൽടിടിഇ ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് തുടരുന്നു. കൂടാതെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നുവെന്നും വിജ്ഞാപനത്തിൽ പറയുന്നു. 1992 മെയ് 14 നാണ് ഇന്ത്യയിൽ എൽടിടിഇയെ കേന്ദ്രസർക്കാർ ആദ്യം നിരോധിക്കുന്നത്. പിന്നീട് അഞ്ചുവർഷം കൂടുമ്പോൾ നിരോധനം നീട്ടുകയായിരുന്നു.